---
title: " നിങ്ങള്‍ ഇല്ല എന്നൊരവസ്ഥയില്ല! നിങ്ങള്‍ എഴുതിയ വാക്കുകള്‍!നിങ്ങള്‍ പറഞ്ഞ കഥകള്‍!നിങ്ങള്‍ പാടിയ കവിതകള്‍! എന്നും ഉണ്ടാകും"
english_title: "There's no way you're not! The words you wrote !The stories you told! Poems you sang! Always will be there"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78535/There's-no-way-you'r- not!-The-words-you-wrote!-The-stories-you-told!-Poems-you-sang!-Always-will-be-there-"
published_at: "2022-11-04T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636522f23faf8_ffffffffffffffffddddddddddddddddd.jpg"
keywords: []
---

#  നിങ്ങള്‍ ഇല്ല എന്നൊരവസ്ഥയില്ല! നിങ്ങള്‍ എഴുതിയ വാക്കുകള്‍!നിങ്ങള്‍ പറഞ്ഞ കഥകള്‍!നിങ്ങള്‍ പാടിയ കവിതകള്‍! എന്നും ഉണ്ടാകും

> **Lead Summary:** **നരയംകുളം**:രണ്ടാഴ്ച മുന്‍പായിരുന്നു ആ ഫോണ്‍ സംസാരം.'നൈറ്റ് ഒഫ് ദി പ്ളേഗ് നീ കണ്ടോ?, ഇറങ്ങിയിട്ടുണ്ടെങ്കിലും ബുക്ക് സ്റ്റോറില്‍ എത്തീരിക്കാന്‍ വഴിയല്ല! പുസ്തകം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തെങ്കിലും കൈയ്യിലെത്തി വായിച്ചു തുടങ്ങാന്‍ നിങ്ങള്‍ കാത്തു നിന്നില്ലല്ലോ?. ഇന്ന് നിങ്ങള്‍ കണ്ണാടി കൂട്ടില്‍ ഉറങ്ങുമ്പോള്‍ പറയണമെന്നു തോന്നി ''പുസ്തകം കൈവശമുണ്ട്, ഒപ്പം കൊണ്ടു പോകുന്നോ''? അന്തരിച്ച പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി.പി. രാജിവനെ അനുസ്മരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഏതാനും വര്‍ഷം മുന്‍പ് ഒരു ട്രെയിന്‍ യാത്രയിലായിരുന്നു, മംഗലുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക്, കൂട്ടിന് പാമുക്കിന്റെ സ്നോ, തിരക്ക്, മടുപ്പ്, ഒറ്റപ്പെടല്‍, ക്ഷീണം എല്ലാം ഒറ്റയടിക്ക് മാറ്റാന്‍ ഒന്നേയുള്ളൂ മാര്‍ഗം, നല്ലൊരു പുസ്തകക്കൂട്ട്. ട്രെയിനില്‍ തിരക്കില്ല, ജനലോരത്തെ സീറ്റിലിരുന്ന് വായിച്ചു കൊണ്ടിരുന്നു. വണ്ടി കോഴിക്കോടും കടന്നതറിഞ്ഞില്ല. ഒരു ചായവേണം, തലപൊക്കിയപ്പോള്‍ എതിരെ സീറ്റില്‍ ഒരാള്‍, മാതൃഭൂമി ആഴ്ചപ്പതിപ്പും കുറച്ച് പുസ്തകങ്ങളും സമീപം. കൈയ്യിലും ഉണ്ട് ഒന്ന്, തല പൊക്കാതെ വായന. പുസ്തകം എന്തെന്നറിയാന്‍ ചെറിയൊരു കൗതുകം. ആള്‍ ശ്രദ്ധിക്കുന്നില്ല. വായനയില്‍ മുഴുകിയിരിക്കുകയാണ്. ഒടുവില്‍ ചായ വന്നപ്പോഴാണ് തല ഉയര്‍ത്തിയത്. ഞങ്ങള്‍ ചായ വാങ്ങി, അദ്ദേഹം ചിരിച്ചു. എതാ പുസ്തകം? ചോദ്യം വന്നു. പുസ്തകം നീട്ടി. പിന്നീട് പാമുക്കിലൂടെ, ടര്‍ക്കിയിലൂടെ, യൂറോപ്യന്‍ സാഹിത്യത്തിലൂടെ ആ വാക്കുകള്‍ ഒഴുകി. കേട്ടിരുന്നു! മഹത്തരമായ ഒരു ക്ളാസു പോലെ!ഒടുവില്‍ വിദ്യാര്‍ഥിയുടെ പേര് ചോദിച്ചു. പേര് പറഞ്ഞു. അധ്യാപകനും പേര് പറഞ്ഞു. ടി.പി.രാജീവന്‍. എന്തൊരു യാത്രയായിരുന്നു അത്! അറിവാഴങ്ങളിലൂടെ, നര്‍മത്തിലൂടെ, അഗാധ സങ്കടങ്ങളിലൂടെ, നഷ്ടങ്ങളിലും ആശങ്കകളിലുമൂടെ, രാഷ്ട്രീയത്തിന്റെ തീച്ചൂളകളിലൂടെ പിന്നെ വിക്കിന്റെ അനന്താകാശത്തിലൂടെ നിങ്ങളെന്നെ കൊണ്ടുപോയി!. മണിക്കൂറുകള്‍ പോയതറിഞ്ഞില്ല!. ഏറ്റവും ഭംഗിയുള്ള ഒരു ഗുരു ശിഷ്യ ബന്ധം അങ്ങിനെ തുടങ്ങി. തിരുവനന്തപുരം സെന്‍ട്രലില്‍ വണ്ടിയെത്തിയപ്പോള്‍ അദ്ദേഹത്തെ വിളിക്കാന്‍ ദിലീപേട്ടനെത്തി. ചിരകാല സുഹൃത്തുക്കള്‍. 'ഞങ്ങള്‍ ഇസ്താംബൂളിലേക്ക് പോകുന്നു. പാമുക്കിനെ നേരിട്ടറിയാന്‍, യൂറോപ്പിന്റെ വ്യത്യസ്ത മുഖം കാണാന്‍ ''. എന്നെ ചൂണ്ടിക്കാട്ടി അദ്ദേഹം ദിലീപേട്ടനോട് പറഞ്ഞു. ഇസ്താംബൂളിലേക്ക് യാത്ര പോകാന്‍ കാത്തു നില്‍ക്കാതെ നിങ്ങള്‍ പോയി. ഇനി പുസ്തകങ്ങളെ കുറിച്ച്, സ്വപ്നങ്ങളെ കുറിച്ച്, ഭാഷയെ കുറിച്ച്, സ്നേഹത്തെ കുറിച്ച്, രാഷ്ട്രീയത്തെ കുറിച്ച് തുറന്നു സംസാരിക്കാന്‍, ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ സംശയങ്ങള്‍ തീര്‍ക്കാന്‍ രാജീവേട്ടനില്ല. നിങ്ങള്‍ ഇല്ല എന്നൊരവസ്ഥയില്ല! നിങ്ങള്‍ എഴുതിയ വാക്കുകള്‍! നിങ്ങള്‍ പറഞ്ഞ കഥകള്‍! നിങ്ങള്‍ പാടിയ കവിതകള്‍! എന്നും ഉണ്ടാകും!.

## Article Content

**നരയംകുളം**:രണ്ടാഴ്ച മുന്‍പായിരുന്നു ആ ഫോണ്‍ സംസാരം.'നൈറ്റ് ഒഫ് ദി പ്ളേഗ് നീ കണ്ടോ?, ഇറങ്ങിയിട്ടുണ്ടെങ്കിലും ബുക്ക് സ്റ്റോറില്‍ എത്തീരിക്കാന്‍ വഴിയല്ല! പുസ്തകം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തെങ്കിലും കൈയ്യിലെത്തി വായിച്ചു തുടങ്ങാന്‍ നിങ്ങള്‍ കാത്തു നിന്നില്ലല്ലോ?. ഇന്ന് നിങ്ങള്‍ കണ്ണാടി കൂട്ടില്‍ ഉറങ്ങുമ്പോള്‍ പറയണമെന്നു തോന്നി ''പുസ്തകം കൈവശമുണ്ട്, ഒപ്പം കൊണ്ടു പോകുന്നോ''? അന്തരിച്ച പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി.പി. രാജിവനെ അനുസ്മരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഏതാനും വര്‍ഷം മുന്‍പ് ഒരു ട്രെയിന്‍ യാത്രയിലായിരുന്നു, മംഗലുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക്, കൂട്ടിന് പാമുക്കിന്റെ സ്നോ, തിരക്ക്, മടുപ്പ്, ഒറ്റപ്പെടല്‍, ക്ഷീണം എല്ലാം ഒറ്റയടിക്ക് മാറ്റാന്‍ ഒന്നേയുള്ളൂ മാര്‍ഗം, നല്ലൊരു പുസ്തകക്കൂട്ട്. ട്രെയിനില്‍ തിരക്കില്ല, ജനലോരത്തെ സീറ്റിലിരുന്ന് വായിച്ചു കൊണ്ടിരുന്നു. വണ്ടി കോഴിക്കോടും കടന്നതറിഞ്ഞില്ല. ഒരു ചായവേണം, തലപൊക്കിയപ്പോള്‍ എതിരെ സീറ്റില്‍ ഒരാള്‍, മാതൃഭൂമി ആഴ്ചപ്പതിപ്പും കുറച്ച് പുസ്തകങ്ങളും സമീപം. കൈയ്യിലും ഉണ്ട് ഒന്ന്, തല പൊക്കാതെ വായന. പുസ്തകം എന്തെന്നറിയാന്‍ ചെറിയൊരു കൗതുകം. ആള്‍ ശ്രദ്ധിക്കുന്നില്ല. വായനയില്‍ മുഴുകിയിരിക്കുകയാണ്. ഒടുവില്‍ ചായ വന്നപ്പോഴാണ് തല ഉയര്‍ത്തിയത്. ഞങ്ങള്‍ ചായ വാങ്ങി, അദ്ദേഹം ചിരിച്ചു. എതാ പുസ്തകം? ചോദ്യം വന്നു. പുസ്തകം നീട്ടി. പിന്നീട് പാമുക്കിലൂടെ, ടര്‍ക്കിയിലൂടെ, യൂറോപ്യന്‍ സാഹിത്യത്തിലൂടെ ആ വാക്കുകള്‍ ഒഴുകി. കേട്ടിരുന്നു! മഹത്തരമായ ഒരു ക്ളാസു പോലെ!ഒടുവില്‍ വിദ്യാര്‍ഥിയുടെ പേര് ചോദിച്ചു. പേര് പറഞ്ഞു. അധ്യാപകനും പേര് പറഞ്ഞു. ടി.പി.രാജീവന്‍. എന്തൊരു യാത്രയായിരുന്നു അത്! അറിവാഴങ്ങളിലൂടെ, നര്‍മത്തിലൂടെ, അഗാധ സങ്കടങ്ങളിലൂടെ, നഷ്ടങ്ങളിലും ആശങ്കകളിലുമൂടെ, രാഷ്ട്രീയത്തിന്റെ തീച്ചൂളകളിലൂടെ പിന്നെ വിക്കിന്റെ അനന്താകാശത്തിലൂടെ നിങ്ങളെന്നെ കൊണ്ടുപോയി!. മണിക്കൂറുകള്‍ പോയതറിഞ്ഞില്ല!. ഏറ്റവും ഭംഗിയുള്ള ഒരു ഗുരു ശിഷ്യ ബന്ധം അങ്ങിനെ തുടങ്ങി. തിരുവനന്തപുരം സെന്‍ട്രലില്‍ വണ്ടിയെത്തിയപ്പോള്‍ അദ്ദേഹത്തെ വിളിക്കാന്‍ ദിലീപേട്ടനെത്തി. ചിരകാല സുഹൃത്തുക്കള്‍. 'ഞങ്ങള്‍ ഇസ്താംബൂളിലേക്ക് പോകുന്നു. പാമുക്കിനെ നേരിട്ടറിയാന്‍, യൂറോപ്പിന്റെ വ്യത്യസ്ത മുഖം കാണാന്‍ ''. എന്നെ ചൂണ്ടിക്കാട്ടി അദ്ദേഹം ദിലീപേട്ടനോട് പറഞ്ഞു. ഇസ്താംബൂളിലേക്ക് യാത്ര പോകാന്‍ കാത്തു നില്‍ക്കാതെ നിങ്ങള്‍ പോയി. ഇനി പുസ്തകങ്ങളെ കുറിച്ച്, സ്വപ്നങ്ങളെ കുറിച്ച്, ഭാഷയെ കുറിച്ച്, സ്നേഹത്തെ കുറിച്ച്, രാഷ്ട്രീയത്തെ കുറിച്ച് തുറന്നു സംസാരിക്കാന്‍, ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ സംശയങ്ങള്‍ തീര്‍ക്കാന്‍ രാജീവേട്ടനില്ല. നിങ്ങള്‍ ഇല്ല എന്നൊരവസ്ഥയില്ല! നിങ്ങള്‍ എഴുതിയ വാക്കുകള്‍! നിങ്ങള്‍ പറഞ്ഞ കഥകള്‍! നിങ്ങള്‍ പാടിയ കവിതകള്‍! എന്നും ഉണ്ടാകും!.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78535/There's-no-way-you'r- not!-The-words-you-wrote!-The-stories-you-told!-Poems-you-sang!-Always-will-be-there-)